Monday, February 1, 2016

ഒരു നോൺസെൻസ് കഥ ..!

കാൻസർ  പിടിച്ച  ഒരു കോശം.

അതിനു  ഭ്രാന്ത് പിടിച്ചിരിക്കുന്നു.  തൻറെ സ്വത്വത്തെ  തേടിയ കോശത്തിനു അതിനുള്ള ഉത്തരം കിട്ടിയതേയില്ല. അരികിലുള്ള കോശങ്ങളെയെല്ലാം അതു ആക്രമിച്ചു കീഴടക്കി തൻറെ അനുവർത്തികളാക്കി.


തന്റെ കാൻസർ പടയുടെ സഹായത്തോടു കൂടി ഒരു സാമ്രാജ്യം പടുത്തുയർത്താൻ കോശം തീരുമാനിച്ചു. പടയോട്ടം ആരംഭിച്ചു.


ഉയർന്ന ജാതിയിൽ പെട്ട അവയവങ്ങൾ രൂപമില്ലാത്ത ഒരു ശാരീരത്തെ ആരാധിച്ചു പോന്നു. ഒരായുഷ്കാലം മുഴുവൻ തങ്ങളുടെ പ്രാർത്ഥനയും, കർമ്മവും ആ അരൂപിയിൽ അവർ സമർപ്പിച്ചു. 


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


രവി കണ്ണാടിയിൽ നോക്കി.

അയാൾ വല്ലാതെ ശോഷിച്ചിരിക്കുന്നു. കണ്ണാടിയിലെ പ്രതിബിംബം മറ്റാരോ ആണെന്നു അയാൾക്ക് തോന്നി പോയി.
മെല്ലിച്ച ശരീരം, കവിളുകൾ ഒട്ടിയ, കണ്ണുകൾ പുറത്തേക്ക് തള്ളിയ വൈരൂപ്യം നിറഞ്ഞ മുഖം.

ഒരിക്കൽ സുന്ദരൻ ആണെന്നു സ്വയം വിശ്വശിച്ച താൻ ഇന്ന് ഒരു വിരൂപനായിരിക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാൻ വിഷമിച്ചു.


കണ്ണാടിയിലെ രൂപം മനുഷ്യനിൽ നിന്ന് ഒരു കുരങ്ങനിലേക്കുള്ള പരിണാമത്തിൻറെ ഏതോ ഘട്ടത്തിലാണെന്ന് അയാൾക്ക് തോന്നി. കണ്ണാടിയിലെ കുരങ്ങു മനുഷ്യൻ രവിയെ നോക്കി പല്ലിളിച്ചു, കോക്രി കാട്ടി, കരണം മറിഞ്ഞു. കാഴ്ച്ച ബംഗ്ലാവിൽ താൻ ഒരിക്കൽ കണ്ട രൂപം. അയാൾ കണ്ണാടിയിൽ നോക്കി ഒന്നു പല്ലിളിച്ചു. അതു കണ്ടു അയാളുടെ മുഖത്തു ചെറു ചിരിയുടെ ഒരു വര വില്ലു പോലെ തെളിഞ്ഞു.


 അയാളുടെ ഇടം കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു. അവ ഭൂമിയിൽ ചിതറി മോക്ഷം നേടി.നിലം പതിഞ്ഞ തൻറെ തണ്ണീർ  തുള്ളികളോട് അയാൾക്ക് വെറുതേ അസൂയ തോന്നി. തൻറെ ശരീരവും ഇതു പോലെ മണ്ണിലലിഞ്ഞു ചേർന്നു ഇല്ലാതാകും. മോക്ഷം ലഭിക്കുന്നതു തന്റെ ആത്മാവിനായിരിക്കും. നശ്വരമായ ശരീരത്തിൽ നിന്നും.


മോക്ഷം ലഭിച്ച ആത്മാക്കൾ, പാമ്പു തോലുരിക്കുന്നത് പോലെ തൻറെ ശരീരത്തെ വിട്ടെറിഞ്ഞ് അവരുടെ ലോകത്തേക്കു പോകുന്നു. ശാപം കിട്ടിയ ആത്മാക്കൾക്ക് ഭൂമിയിൽ കിട്ടിയ ജയിലുകളാകും ശരീരങ്ങൾ. മോഹം, അതയാഗ്രഹം, വേദന, ദുര, പ്രണയം, കാമം അങ്ങനെ സകല വികാരവിചാരങ്ങൾക്കും അടിമയാണ് ശരീരം.


ഈ വികാരങ്ങളാൽ വിശന്നു വലഞ്ഞിരിക്കുന്ന ശരീരത്തിനെ തൃപ്തിപ്പെടുത്താനുള്ള ആത്മാവിൻറെ നെട്ടോട്ടമാണ് നമ്മുടെയൊക്കെ  ജീവിതങ്ങൾ. തൻറെ ചിന്തയുടെ ദിശ മാറിയത് മനസ്സിലാക്കിയ അയാൾക്ക് പെട്ടെന്ന് സ്ഥലകാല ബോധം വന്നു.


ഇത്രയും നാളത്തെ തൻറെ ജീവിതം ...


എന്ത് ബാക്കി വെച്ചിട്ടാണ് താൻ ഇഹലോകവാസത്തോടു വിട പറയേണ്ടത് ?


ഈ കാലയളവിൽ അയാൾ തന്നെയല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല. ഒരു കൃമിയുടെത്തിനു സമാനമായ ജീവിതത്തിനു ഇതാ വിരാമമിടുന്നു.

തൻറെ അഭാവം ആരിലും ഒരു തരി പോലും ദുഖത്തിൻറെ കരിനിഴൽ വീഴ്ത്തില്ലെന്നു അയാൾക്ക്‌ ഉറപ്പായിരുന്നു.

തന്നെ സ്നേഹിച്ചവർ.... അവർ സ്നേഹിച്ചത് തന്റെ രൂപത്തിനെയോ .. അതോ തൻറെ ആത്മാവിനെയോ ?


തേടാതിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ അയാളുടെ മുന്നിൽ ഒന്നൊന്നായി തെളിഞ്ഞു. മരണത്തിൻറെ ക്ഷണം കാത്തു അയാൾ ജന്നൽ വഴി പുറത്തേക്ക് നോക്കി പ്രതീക്ഷയോടെ നിന്നു.


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


പടയോട്ടം അവസാനിച്ചു. നേടാൻ കൊതിച്ച വിജയം താനിതാ നേടിയിരിക്കുന്നു. കോശം തൻറെ കാൻസർ ഭാധിച്ച സാമ്രാജ്യത്തെ നോക്കി, ഉയർന്ന ജാതിയിൽ പെട്ട അവയവങ്ങൾ തൻറെ മുന്നിൽ മുട്ടു കുത്തി  തോൽവി സമ്മതിച്ചിരിക്കുന്നു. ഏതു നിമിഷവും അരൂപിയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെട്ടേക്കാം. അവരുടെ ആരാധനാ മൂർത്തി ഈ അവസരത്തിൽ സഹായകമായില്ലെങ്കിൽ അവരുടെ പ്രാർഥന മുഴുവൻ വിഭലമാകും. 


 താൻ കണ്ടു മടുത്ത കീഴ്വഴക്കങ്ങൾക്ക് ഒരറുതി വന്നിരിക്കുന്നു. നിലവിലുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങൾ എല്ലാം താൻ പൊളിച്ചെഴുതിയിരിക്കുന്നു. താനാഗ്രഹിച്ച വിജയം കരസ്തമാക്കിയിട്ടും കോശത്തിനു തൃപ്തി തോന്നിയില്ല. ഇതു തന്നെയാണോ താൻ ആഗ്രഹിച്ചതു?        


കര്മ്മമായിരുന്നു തൻറെ ജീവിതോദ്ധേശ്യം എന്ന തിരിച്ചറിവ് കോശത്തിന് ഉണ്ടാകുന്നു. തൻറെ തെറ്റു തിരിച്ചറിഞ്ഞ കോശത്തിന് കുറ്റബോധമുണ്ടായി. തൻറെ സ്വത്വത്തെ തിരിച്ചറിഞ്ഞ കോശം വീണ്ടും കർമ്മനിരതനായി. തൻറെ കർമ്മത്തിൽ മുഴുകിയ  കോശത്തിനു ശാന്തിയും, സമാധാനവും കൈവന്നു. 


ഒരായുഷ്കാലം മുഴുവൻ ശരീരത്തെ സേവിച്ചിരുന്ന അവയവങ്ങൾക്ക്, തങ്ങളുടെ പ്രാർഥന ചെവി കൊള്ളാഞ്ഞ അരൂപിയോടു വിദ്വേഷ്യവും, വെറുപ്പും തോന്നി. തന്മൂലം അവ ശരീരത്തെ സേവിക്കുന്നത് അവസാനിപ്പിച്ചു തങ്ങളുടെ കർമ്മത്തിൽ നിന്നും പിന്മാറി. നിമിഷങ്ങൾക്കകം ശരീരത്തിലാകെ ഇരുളും, തണുപ്പും പടർന്നു കേറി. ശരീരം നിശ്ചലമായി.  

രാഗം

നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ    ഹൃദയ തന്ത്രിയിൽ നീ.  പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...